ഗുരു സന്ദേശം ഉണര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം

  1. Home
  2. Latest

ഗുരു സന്ദേശം ഉണര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം

s


ഗുരു സന്ദേശം ഉണർത്തി വെള്ളാപ്പള്ളി നടേശനെയും മന്ത്രി സജി ചെറിയാനെയും വിമർശിച്ച് ഇകെ സമസ്ത മുഖപത്രം സുപ്രഭാതം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിലെ മുഖപ്രസംഗത്തിലാണ് വിവാദ പ്രസ്താവനകളിൽ വെള്ളാപ്പള്ളിക്കും സജി ചെറിയാനുമെതിരെ സമസ്ത ഇകെ വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. മലപ്പുറത്ത് അല്ലാതെ ഒരിടത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മുസ്ലിം അല്ലെന്നും സംസ്ഥാനത്തെ 11 ലോക്സഭ മണ്ഡലങ്ങളിലും 30 ശതമാനം മുസ്ലിം വോട്ട് ഉണ്ടായിട്ടും മൂന്ന് മുസ്ലിം എംപിമാര്‍ മാത്രമാണുള്ളതെന്നും ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു. 'അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം, അരുളില്ലയതെങ്കിലസ്ഥി തോൽ സിര നാറുന്നൊരുടമ്പു താനവൻ' എന്ന അനുകമ്പാ ദശകത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ലേഖനത്തിലൂടെ വെള്ളാപ്പള്ളിക്കും സജി ചെറിയാനും മറുപടി നൽകുന്നത്.

കരുണയും സ്നേഹവും അനുകമ്പയും വറ്റിപ്പോയവര്‍ അസ്ഥിയും തോലുമായി ദുര്‍ഗന്ധം വഹിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ വാ തുറക്കുന്നത് വര്‍ഗീയ വിളമ്പാനാണെന്നും വിമര്‍ശിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് പറയാൻ പറ്റുന്ന വാക്കുകളല്ല സജി ചെറിയാൻ പറഞ്ഞതെന്നും എകെ ബാലനും സജി ചെറിയാനും വര്‍ഗീയത പറയാൻ ധൈര്യം കിട്ടുന്നത് എവിടെ നിന്നാണെന്നും ലേഖനത്തിലൂടെ സമസ്ത ഇകെ വിഭാഗം തുറന്നടിക്കുന്നു. ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.

മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാൻ പരിശോധിക്കണമെന്നും വിമര്‍ശനമുണ്ട്. ഉത്തരേന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പയറ്റുന്ന പ്രചാരണ തന്ത്രമാണിതെന്നുമാണ് വിമര്‍ശനം. മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്നും ആ വോട്ടിലൂടെ അധികാരം നിലനിര്‍ത്താമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ കരുതുന്നുണ്ടെങ്കിൽ അതിന് മതേതര കേരളം കനത്ത വില കൊടുക്കേണ്ടിവരുമെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.