എൽസ 3 കപ്പൽ അപകടം; സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി
കേരള തീരത്ത് അറബിക്കടലിൽ എം.എസ്.സി. എൽസ 3 കപ്പൽ മുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി. പരിസ്ഥിതി ആഘാതമടക്കമുള്ള വിഷയത്തിൽ സ്വതന്ത്രമായ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയത്തോട് നിലപാട് അറിയിക്കാനും നിർദേശിച്ചു. മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേർത്തുകൊണ്ടാണ് നിർദേശം.
ഏത് ഏജൻസിയെയായിരിക്കും പഠനത്തിനായി നിയോഗിക്കുക, എങ്ങനെയായിരിക്കും പഠനം, എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണിച്ചത്.
ഒരു വർഷമായിട്ടും സമഗ്ര പരിസ്ഥിതിയാഘാത പഠനം നടത്തിയിട്ടില്ലെന്നും ഇതിനായി നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പരിശോധന ആവശ്യമാണ്. ഷിപ്പിങ് ഡയറക്ടർ ജനറലും കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥവ്യതിയാന മന്ത്രാലയവും നിലവിലെ സ്ഥിതി വിശദമാക്കി റിപ്പോർട്ട് ഫയൽ ചെയ്യണം.
