എഥനോൾ വിവാദം; നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ കേസ്

  1. Home
  2. Latest

എഥനോൾ വിവാദം; നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ കേസ്

image


എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച് അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ നാഗ്പൂർ സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.പ്രമുഖ ബിഹാർ യൂട്യൂബറായ മനീഷ് കശ്യപ്, ദേശി ബോയ്‌സ് എൻ.സി.ആർ, ഹർഷിത് രാഠി, അങ്കലേഷ് ഇൻവാട്ടെ എന്നിവർക്കെതിരെയാണ് കേസ്.

എഥനോൾ നയത്തിന്റെ മറവിൽ വൻ അഴിമതിയും വ്യാജ ഇടപാടുകളും നടക്കുന്നുവെന്ന തരത്തിൽ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഇവർ വീഡിയോകൾ പ്രചരിപ്പിച്ചതായി പൊലീസ് ആരോപിച്ചു. കാഴ്ചക്കാരെ ആകർഷിക്കാനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര് ദുരുപയോഗം ചെയ്യുകയും, അദ്ദേഹത്തിന്റെ എഥനോൾ നയങ്ങളെ ബോധപൂർവം തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തി

വീഡിയോകൾക്ക് വിശ്വാസ്യത വർധിപ്പിക്കാൻ സാധാരണക്കാരുമായുള്ള വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിമുഖങ്ങളും ഇവർ വീഡിയോകളിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും പോലീസ് ആരോപിച്ചു.

നാഗ്പൂരിലെ ബി.ജെ.പി സോഷ്യൽ മീഡിയ സെൽ മേധാവിയായ ശിശിർ ത്രിപാഠിയാണ് ഇവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകിയത്. നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയവും സാമൂഹികവുമായ സൽപ്പേര് നശിപ്പിക്കാനായി ആസൂത്രിതമായി നടത്തിയ അപകീർത്തി പ്രചാരണമാണിതെന്നും, അടിസ്ഥാനരഹിതമായ വിവരങ്ങൾ വഴി ഇവർ സാമൂഹിക സൗഹാർദം തകർക്കാൻശ്രമിച്ചുവെന്നുമാണ് പരാതി