ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദൻ

  1. Home
  2. Latest

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദൻ

MV Govindan


ദേശീയപാത ഒന്നാം റീച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ഒഴിവാക്കിയത് വിചിത്രമാണ്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് രണ്ടാം റീച്ച് കടന്ന് പോകുന്നത്. മുഹമ്മദ് റിയാസിനോടുള്ള വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയ പകപോക്കലാണിത്. രണ്ടാം റീച്ചിൽ മന്ത്രിയും എംഎൽഎയും ജനങ്ങളെ അണി നിരത്തി റോഡ്ഷോ നടത്തും. അത്തരം പരിപാടി ജനകീയ ഉത്സവം പോലെ നടത്തുന്നത് നല്ലതാണ്.

രണ്ട് റീച്ചിലും ആഘോഷ പരിപാടിയും റോഡ് ഷോയും നടത്തും. ബിജെപി അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോള്‍ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം. ഉദ്ഘാടന ചടങ്ങിന്‍റെ രാഷ്ട്രീയ ഉള്ളടക്കത്തിൽ പക്ഷപാതമുണ്ട്.മരുമകനായത് കൊണ്ടാണോ പൊതുമരാമത്ത് മന്ത്രിയായതും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമായിരുന്നു വിവാദത്തോട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ഇതിനുള്ള മറുപടിയായിട്ടാണ് എംവി ഗോവിന്ദന്‍റെ പ്രതികരണം.

കാലങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് ദേശീയ പാത വികസനമെന്നും ഉമ്മൻചാണ്ടി ഉപേക്ഷിച്ച് മടങ്ങിയ പദ്ധതിയാണെന്നും എൽഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടാണ് നടപ്പാക്കാനായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ദേശീയപാത 66 കേരളത്തിന്‍റെ അവകാശമായാണ് ഇടതുസർക്കാർ കണ്ടത്. മുഖ്യമന്ത്രി പല തവണ കേന്ദ്രവുമായി ചർച്ച നടത്തി. പൊതുമരാമത്ത് വകുപ്പുമായാണ് സ്ഥലമേറ്റെടുപ്പ് കരാര്‍. ധനപരമായ പങ്കാളിത്തം കേരളത്തിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പോലെ അല്ല ഇക്കാര്യത്തിൽ കേരളം.