കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം സമഗ്രമായി വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകി.
രാജ്യത്തുടനീളം വായു ഗുണനിലവാരം മോശമാകുന്നതിലുള്ള ആശങ്കയും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയുടെ (AQI) കണക്കുകൾ വിവിധ ഏജൻസികൾ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്യുന്നതും പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം.
വിദഗ്ധ സമിതി അംഗങ്ങൾ:
സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ – സീനിയർ ഫെലോ ആൻഡ് ഏരിയ കൺവീനർ, സെന്റർ ഫോർ എയർ ക്വാളിറ്റി റിസർച്ച്, ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI), ന്യൂഡൽഹി.
ഡോ. ജോർജ് കെ. വർഗീസ് – പ്രൊഫസർ, സിവിൽ എൻജിനീയറിങ് വിഭാഗം, എൻ.ഐ.ടി കാലിക്കറ്റ്.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ – കൺവീനർ.
