മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ

  1. Home
  2. Latest

മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ

pinarayi vijayan


സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂർ കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടിയാണ് വലുത്, വ്യക്തികളല്ല' എന്ന വലിയ തലക്കെട്ടോടെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ പാർട്ടി നേതൃത്വത്തിന് നേരെ കടുത്ത വിമർശനമാണ് ബോർഡിലുടനീളമുള്ളത്. പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കണമെന്ന ആവശ്യവും ഫ്ലക്സിൽ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും എം.വി. ഗോവിന്ദന്റെയും പേരെടുത്ത് പരാമർശിച്ചാണ് വിമർശനം.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ആത്മപരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്ന് തന്നെ നേതൃത്വത്തിനെതിരെയുള്ള നീക്കം. സോഷ്യൽ മീഡിയയിൽ പി. ജയരാജനെ അനുകൂലിച്ചും പിണറായി വിജയനെ വിമർശിച്ചും ചർച്ചകൾ സജീവമായതിന് പിന്നാലെയാണ് ഇപ്പോൾ പൊതുനിരത്തിലും ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സി.പി.എം പ്രവർത്തകർ തന്നെ ഈ ഫ്ലക്സ് ബോർഡുകൾ സ്ഥലത്തുനിന്നും നീക്കം ചെയ്തു. എന്നാൽ, പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടായത് ജില്ലയിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അച്ചടക്കമുള്ള അണികൾക്കിടയിൽ നേതൃത്വത്തോടുള്ള അതൃപ്തി പുകയുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.