ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി വി.ജി. മനമോഹൻ അന്തരിച്ചു
കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും ട്രഷററുമായിരുന്ന വി.ജി. മനമോഹൻ അന്തരിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായിരുന്ന അദ്ദേഹം സംസ്ഥാന ആസൂത്രണ ബോർഡിലും നിർണ്ണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. ഡോ. ടി.എം. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമ്പൂർണ്ണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പഠനകോൺഗ്രസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സഹകരണവകുപ്പ് അഡീഷണൽ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. 1986-ലെ സയൻസ് ഒളിമ്പ്യാഡ്, 1987-ലെ ജനകീയാരോഗ്യ സർവ്വേ, ഭോപ്പാലിലേക്ക് നടത്തിയ സയൻസ് ട്രെയിൻ എന്നിവയുടെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു. എം.പി. പരമേശ്വരനായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിലെ പ്രധാന ഊർജ്ജസ്രോതസ്സ്.
മൺവിളയിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം, തന്റെ ആഗ്രഹപ്രകാരം ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനൽകും. വി.ജി. മനമോഹന്റെ നിര്യാണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രപ്രചാരണ രംഗത്തും വികസന ആസൂത്രണ രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
