മുസ്ലിം ലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി
മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുല്ല എന്നിവരാണ് പരിഗണനയിൽ. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിർദേശിക്കുന്നത്. എന്നാൽ തങ്ങൾ കുടുംബം കൂടിയായ കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടി കടുത്ത സമ്മർദ്ദം ഉയരുന്നുണ്ട്. മൂന്നാം തവണ എംഎൽഎ ആകുന്ന ആബിദ് തങ്ങൾ കൂടി മന്ത്രി ആയാൽ നാലു മന്ത്രിമാർ മലപ്പുറം ജില്ലയിൽ നിന്നാകുമെന്ന പ്രശ്നമുദിക്കും. അതിനാൽ തന്നെ മറ്റു ജില്ലകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദത്തിനാണ് മുൻതൂക്കം.
കളമശ്ശേരി എംഎൽഎ വി ഈ ഗഫൂറിന് വേണ്ടിയും നേതാക്കൾ രംഗത്തുണ്ടെങ്കിലും സാധ്യത കുറവാണ്. മലപ്പുറം ജില്ലയിൽ നിന്ന് ഉയർന്ന പേരുകളിൽ ആരെ ഒഴിവാക്കും എന്നതാണ് ഇപ്പോൾ ലീഗിന്റെ തലവേദന. അഥവാ അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ് പദവിയാണ് നൽകുക എന്ന ആശങ്ക ലീഗിനുണ്ട്. ലീഗിന് 5 മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന് നിലപാടാണ് വി ഡി സതീശന് ഉള്ളത്. ഇക്കാര്യത്തിൽ സതീഷിന്റെ പിന്തുണ ലഭിക്കുമെന്നാണ് ലീഗ് കരുതുന്നത്. അതേസമയം എം.കെ. മുനീർ കെ.പി.എ. മജീദ് എന്നീ നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്ന പദവികളും ലീഗ് ചോദിക്കുന്നുണ്ട്. ഇക്കാര്യത്തിലും ഉടൻ തീരുമാനം ആകണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
