ദുബായിൽ വ്യാജ ബാങ്ക് രേഖകൾ ചമച്ച് വൻ തട്ടിപ്പ്; ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ ക്രിമിനൽ പരാതി
യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോടതി വിധി മറികടക്കാൻ കമ്പനി പൂട്ടി പുതിയ പേരിൽ ബിസിനസ്സ് ആരംഭിക്കുകയും ചെയ്ത ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി.
പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ 'കെ എൻ ട്രേഡിങ്' ആണ് തങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശികളാണ് തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ഉടമകൾ എന്ന് 'കെ എൻ ട്രേഡിങ്' മാനേജിങ്ങ് ഡയറക്ടർ കെ എൻ അബ്ദുൾ ഗഫൂർ ഡയറക്ടർമാരായ ഫാരിസ് അൽ കാസിമി,ഫാഹിം അൽ കാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ആസ്ഥാനമായുള്ള കെ എൻ ട്രേഡിങ് കമ്പനിയുമായി 2021 സെപ്റ്റംബറിലാണ് തട്ടിപ്പ് നടത്തിയ കമ്പനി അധികൃതർ കരാറിലേർപ്പെടുന്നത്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ചുതന്ന ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നു .
പണം ബാങ്ക് വഴി അയച്ചതായി തെളിയിക്കാൻ പ്രതികൾ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ വാട്സ്ആപ്പ്, ഇമെയിൽ വഴി അയച്ചതായും, എന്നാൽ ബാങ്ക് അക്കൗണ്ടിൽ തുക ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രേഖകൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമായതായും അവർ വ്യക്തമാക്കി .ബാങ്കിൽ നിന്ന് ലഭിച്ച ഔദ്യോഗിക സ്ഥിരീകരണവും പ്രതികളുടെ വഞ്ചന വ്യക്തമാക്കുന്നതായിരുന്നു.
സാമ്പത്തിക വഞ്ചന വ്യക്തമായതിനെ തുടർന്ന് ആദ്യം ദുബായ് ചേംബറിനെ സമീപിക്കുകയും അവർ പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടർന്ന് കെ എൻ ട്രേഡിങ് കമ്പനി ദുബായ് സിവിൽ കോടതിയെ സമീപിക്കുകയും, കോടതി രേഖകൾ വിശദമായി പരിശോധിച്ച് കെ എൻ ട്രേഡിങ്ങിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു.
എന്നാൽ പ്രതികൾ തങ്ങളുടെ ദുബായിലെ കമ്പനി ധൃതിപിടിച്ച് പൂട്ടുകയും ഇതേ ആളുകൾ ചേർന്ന് മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാനമായ ബിസിനസ്സ് സ്ഥാപനം ആരംഭിച്ച് തട്ടിപ്പ് തുടരുകയുമാണുണ്ടായത്. ഈ നീക്കത്തിനെതിരെയാണ് കമ്പനി ഇപ്പോൾ ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതി നൽകിയിരിക്കുന്നത്.
