തലസ്ഥാനത്ത് ആവേശമേള, വിജയികള്‍ക്ക് ആദ്യമായി സ്വര്‍ണക്കപ്പും; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏഴ് നാൾ പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. തുടരുന്ന തുലാമഴ രസംകൊല്ലിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇരുപതിനായിരത്തോളം കുട്ടികളാണ് മത്സരത്തിനിറങ്ങുക. സെൻട്രൽ സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവുമെല്ലാം മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതിൽ 1944 കുട്ടികളാണ് മത്സരിക്കുന്നത്. ഗൾഫിലെ ഏഴ് സ്കൂളുകളിൽ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്. വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. പുത്തരിക്കണ്ടത്താണ് ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നാലിനാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രി ഉദ്ഘാടകനം ചെയ്യുന്ന പരിപാടിയിൽ മുൻ ഇന്ത്യൻ താരം ഐഎം വിജയനും മന്ത്രി വി.ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിക്കും. ഇതാദ്യമായി സ്കൂൾ കായികമേളയ്ക്ക് തീം സോങും അവതരിപ്പിക്കുന്നുണ്ട്. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് മേളയുടെ അംബാസഡർമാര്‍. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും. 23നാണ് ട്രാക്കുണരുന്നത്. കായികമേളയുടെ ആവേശമോരോന്നും ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.
