ഭാരതാംബ വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് ഗവർണറും കൃഷി മന്ത്രിയും

  1. Home
  2. Latest

ഭാരതാംബ വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് ഗവർണറും കൃഷി മന്ത്രിയും

.


ഭാരതാംബ വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കറും കൃഷി മന്ത്രി പി പ്രസാദും. കാർഷിക സർവ്വകലാശാലയുടെ തൃശൂരിൽ നടന്ന ബിരുദ ദാനച്ചടങ്ങിൽ ഗവർണർ പി പ്രസാദിനെ പ്രശംസിക്കുകയും ചെയ്തു. വേദിയിൽ ഭാരതാംബ ചിത്രം വച്ചിരുന്നില്ല. എന്നാൽ വേദിക്ക് പുറത്ത് മാധ്യമങ്ങളെക്കണ്ട പി. പ്രസാദ് ഗവർണർക്കെതിരെ വിമർശനം ആവർത്തിച്ചു.

രാജ്ഭവനിലെ ബഹിഷ്‌കരണം കൊണ്ട് വിവാദമായ ചടങ്ങിന് ശേഷം ഗവർണറും കൃഷിമന്ത്രിയും ഇത് ആദ്യമായിട്ടാണ് ഒരേവേദി പങ്കിടുന്നത്. പുഴയ്ക്കലിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച കാർഷിക സർവ്വകലാശാലയുടെ ബിരുദ ദാനച്ചടങ്ങിനാണ് ഇരുവരും എത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരുവരും പരിപാടിക്കെത്തി. ഒരാളുടെയും ജനാധിപത്യ വിരുദ്ധ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് പി പ്രസാദ് വേദിയിലെത്തിയത്. പരിപാടിയിൽ നിലവിളക്ക് കൊളുത്തലും ഭാരതാംബ ചിത്ര വന്ദനവും ഉണ്ടായിരുന്നില്ല. പ്രസംഗത്തിൽ ആദ്യ ഊഴം പ്രസാദിൻറേതായിരുന്നു. വിവാദങ്ങൾ തൊടാതെയുള്ള പ്രസംഗം. പ്രസംഗം പൂർത്തിയാക്കി കസേരയിലിരുന്ന പ്രസാദ് ഗവർണറോട് കുശലാന്വേഷണം നടത്തി. ഗൗരവം വിട്ട് ചിരിച്ചുകൊണ്ടായിരുന്നു ഗവർണറുടെ മറുപടി. പിന്നാലെ പ്രസംഗിക്കാനെഴുനേറ്റ ഗവർണർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കൃഷിമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. വേദിയിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടായില്ലെങ്കിലും ഭാരതാംബ വിവാദത്തിൽ പുറത്ത് കൃഷി മന്ത്രി നിലപാട് ആവർത്തിച്ചു.