പിഎം ശ്രീയിൽ വല്ലാത്തൊരു ഒത്തുകളിയാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്
പിഎം ശ്രീയിൽ വല്ലാത്തൊരു ഒത്തുകളിയാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരത്തിൽ വന്നപ്പോൾ പദ്ധതി എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും എന്തേ ഇപ്പോൾ ഒഴുക്കാൻ തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി. കരാർ ഒപ്പിട്ട് എട്ട് മാസം ആയിട്ടും ഇതേവരെ ആ പദ്ധതി നടപ്പായിട്ടില്ല. ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്.
എൽഡിഎഫ് സർക്കാർ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. നിലവിൽ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ല. ധാരണാപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൊടുക്കാത്തത് തന്നെ പദ്ധതി നടപ്പാക്കാൻ എല്‍ഡിഎഫിന് ഉദ്ദേശമില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരപ്രമേയം ചർച്ച ചെയ്യാതെ സർക്കാർ ഒഴിഞ്ഞു മാറിയതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ നിർത്തിവെച്ച് പിഎം ശ്രീചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി പ്രസാദാണ് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാത തള്ളുകയായിരുന്നു.
എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് യുഡിഎഫിന്റെ ശ്രമമെന്നും വിദ്യാഭ്യാസത്തിന്റെ കൂട്ടക്കൊലയാണ് ദേശീയ വിദ്യാഭ്യാസ നയം എന്ന് പറഞ്ഞത് സോണിയ ഗാന്ധിയാണാണെന്നും പി പ്രസാദ് പറഞ്ഞു.
