ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് തൂക്കുകയർ; അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് തൊടുപുഴ കോടതി
ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഹമീദ് നേരത്തെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. എന്നാൽ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്ന് പ്രൊസിക്യൂഷൻ വാദിക്കുകയായിരുന്നു നാലുപേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്കളങ്കരായ 2 കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻറെ മറ്റൊരു വാദം.
