പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ ഹർജികൾ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാന വിധി. സർക്കാരിന്റെ ഉത്തരവ് ഭരണഘടനയുടെ അനുച്ഛേദം 19(1)(സി), അനുച്ഛേദം 33 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് സംഘടനകളെ പിരിച്ചുവിട്ട് പുതിയ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തിനും കോടതി തടയിട്ടു. സംഘടനകളുടെ ഭാഗം കേൾക്കാതെയും അവരുടെ അഭിപ്രായങ്ങൾ ആരായാതെയും സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ നേരിട്ട് അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് പൊലീസ് അസോസിയേഷനുകളുടെ സ്വതന്ത്രമായ സ്വയംഭരണാവകാശത്തിലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തെ തകർക്കുന്ന ഇത്തരം ഭരണപരമായ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവും അഡ്ഹോക്ക് സമിതി രൂപീകരണവും കോടതി റദ്ദാക്കിയത്. നിലവിലെ അസോസിയേഷനുകൾക്ക് തുടർന്നും പ്രവർത്തിക്കാമെന്ന കോടതി വിധി സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ്.
