മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. "ചില പ്രതികളെ മാത്രം പ്രോസിക്യൂഷനിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് താത്പര്യമില്ലാത്ത ചിലർക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റ് ചിലരെ സംരക്ഷിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്? എന്തുകൊണ്ടാണ് സർക്കാരിന് ഈ പക്ഷപാതപരമായ സമീപനം?" എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഗുരുതരമായ സാമ്പത്തിക തിരിമറികളിൽ ഉൾപ്പെട്ട പ്രമുഖരെ സംരക്ഷിക്കാൻ സർക്കാർ മനഃപൂർവ്വം സമയം നീട്ടിക്കൊണ്ടുപോകുന്ന ഇത്തരം തന്ത്രങ്ങൾ കോടതിയിൽ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർമാർക്കും എതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഭരണകൂടത്തിന്റെ ഒത്തുകളിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
