കനത്ത പുകമഞ്ഞിൽ ഉത്തരേന്ത്യ വലയുന്നു; ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വൻ അപകടം, 4 മരണം

  1. Home
  2. Latest

കനത്ത പുകമഞ്ഞിൽ ഉത്തരേന്ത്യ വലയുന്നു; ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വൻ അപകടം, 4 മരണം

fog


രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും ശക്തമായ പുകമഞ്ഞ് തുടരുന്നു. കാഴ്ചാ പരിധി പൂജ്യമായി കുറഞ്ഞതിനെ തുടർന്ന് ഡൽഹിയിലെ വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി. പുകമഞ്ഞിനെത്തുടർന്ന് ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ മഥുരക്ക് സമീപം നടന്ന വലിയ വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാഴ്ചാ പരിധി അങ്ങേയറ്റം കുറഞ്ഞതാണ് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചത്. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിച്ചതും പരിഭ്രാന്തി സൃഷ്ടിച്ചു.

അപകടം സ്ഥിരീകരിച്ച ഡൽഹി എസ്.എസ്.പി. ശ്ലോക് കുമാർ, രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് അറിയിച്ചു. കടുത്ത പുകമഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. "രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായി. ഇതുവരെ നാല് പേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാനാവുന്ന വിവരം. പരിക്കേറ്റ 25 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരുടെയും നില ഗുരുതരമല്ല," എസ്.എസ്.പി. അറിയിച്ചു. ശേഷിക്കുന്ന യാത്രക്കാരെ സർക്കാർ വാഹനങ്ങളിൽ അവരുടെ വീടുകളിൽ എത്തിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിക്ക് പുറമെ ഹരിയാന, യു.പി. എന്നിവിടങ്ങളിലും ശക്തമായ മൂടൽമഞ്ഞും കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. അതിശൈത്യത്തിലേക്കെത്തിയ ഡൽഹിയിൽ രാത്രിയിലെ താപനില 14 ഡിഗ്രിയും പുലർച്ചെ ഇത് 10 ഡിഗ്രിയുമാണ്. കടുത്ത തണുപ്പിനൊപ്പമുള്ള പുകമഞ്ഞും കുറച്ചുനാൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.