ഒരേ ഉറവിടത്തിൽ നിന്നുള്ള സിഎൻജിക്കു സമീപ ജില്ലകളിൽ പോലും വലിയ വില വ്യത്യാസം

  1. Home
  2. Latest

ഒരേ ഉറവിടത്തിൽ നിന്നുള്ള സിഎൻജിക്കു സമീപ ജില്ലകളിൽ പോലും വലിയ വില വ്യത്യാസം

s


ഒരേ ഉറവിടത്തിൽ നിന്നുള്ള സിഎൻജിക്കു സമീപ ജില്ലകളിൽ പോലും വലിയ വില വ്യത്യാസം. ആലപ്പുഴയിൽ 96.50 രൂപയാണു വില. തൊട്ടടുത്ത കോട്ടയം ജില്ലയിൽ 105 രൂപയും; വ്യത്യാസം 8.50 രൂപ. ജില്ലാ അതിർത്തി മാറുമ്പോൾ വില അസ്വാഭാവികമായി വർധിപ്പിക്കുന്നത് അനീതിയാണെന്നാണ് ഉപയോക്താക്കളുടെ പരാതി.ഒരാഴ്ച മുൻപ് 89.50 രൂപയായിരുന്നു കോട്ടയത്തെ വില. ഒറ്റയടിക്കു വർധിപ്പിച്ചത് 15.50 രൂപ. ചരിത്രത്തിൽ ആദ്യമായാണു കേരളത്തിൽ സിഎൻജി വില 100 രൂപ കടക്കുന്നത്. പെട്രോൾ, ഡീസൽ വിലകൾക്കു തീ പിടിച്ചതിനു പിന്നാലെയാണു സിഎൻജി വിലയിലെ ഇടിവെട്ട്. സിഎൻജിക്കായി നീണ്ട കാത്തിരിപ്പു വേണ്ടി വരുന്നതായും പരാതിയുണ്ട്.

പെട്രോൾ, ഡീസൽ വിലയിലും വിവിധ ജില്ലകളിൽ വില വ്യത്യാസം സ്വാഭാവികമാണെങ്കിലും ലീറ്ററിനു രണ്ടു രൂപയിലേറെ വ്യത്യാസമുണ്ടാകാറില്ല. സിഎൻജിയുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തം. ഒരേ ഉറവിടത്തിൽ നിന്നാണു സിഎൻജി ലഭിക്കുന്നതെങ്കിലും പല വിതരണക്കാരും ഈടാക്കുന്നതു പല വില.ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐഒഎജിപിഎൽ) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോ‍ട് ജില്ലകളിൽ സിഎൻജി ലഭ്യമാക്കുന്നത്. കിലോഗ്രാമിന് 98.25 രൂപയാണു വില. ഒരാഴ്ചയ്ക്കിടെ വർധിച്ചത് 1.75 രൂപ. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അറ്റ്‌ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് പ്രഥമാണു (എജി ആൻഡ് പി പ്രഥം) വിതരണക്കാർ. വില 96.50 രൂപ. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 105 രൂപ. ഷോല ഗ്യാസാണു വിതരണക്കാർ.