മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിന് മുന്നില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍

  1. Home
  2. Latest

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിന് മുന്നില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍

 shashi tharoor  


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനിൽക്കെയാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തരൂര്‍ അംഗീകരിക്കുകയും ചെയ്തു.

വയനാട്ടില്‍ നടന്ന 'ലക്ഷ്യ-2026' നേതൃക്യാംപില്‍ സജീവമായി പങ്കെടുത്ത തരൂരിന് പാര്‍ട്ടിയില്‍ വലിയ പരിഗണനയാണ് ലഭിച്ചത്. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പല വിവാദങ്ങള്‍ക്കും കാരണമെന്നും, ഇത് ശരിയായി മനസ്സിലാക്കാതെ മറ്റ് നേതാക്കള്‍ പ്രതികരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തരൂരിനെ പ്രകോപിപ്പിക്കരുതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേരളത്തിലെ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായാല്‍ അതിന്റെ പഴി കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ നേതൃത്വത്തോട് വ്യക്തമാക്കി.

പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുമായി കൂടിയാലോചന നടത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. നഗരപ്രദേശങ്ങളിലും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലുമുള്ള തരൂരിന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. മുസ്ലീം പ്രീണനം എന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍, പലസ്തീന്‍ വിഷയത്തിലടക്കം തരൂര്‍ സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകള്‍ ക്രൈസ്തവ സഭകള്‍ക്കിടയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും കെ.പി.സി.സി ഭാരവാഹികള്‍ കരുതുന്നു. തരൂരിന്റെ സജീവ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ കരുത്തേകും.