എനിക്ക് പിശക് പറ്റി, ആ സാഹചര്യത്തിൽ പറഞ്ഞുപോയത്; വോട്ടർമാരെ അധിക്ഷേപിച്ചതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് എം.എം. മണി

  1. Home
  2. Latest

എനിക്ക് പിശക് പറ്റി, ആ സാഹചര്യത്തിൽ പറഞ്ഞുപോയത്; വോട്ടർമാരെ അധിക്ഷേപിച്ചതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് എം.എം. മണി

m m mani


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടർമാർക്കെതിരെ നടത്തിയ വിവാദ അധിക്ഷേപ പരാമർശം തിരുത്തി സി.പി.എം. നേതാവ് എം.എം. മണി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ സാഹചര്യത്തിൽ 'അങ്ങനെ പ്രതികരിച്ചു എന്നേ ഉള്ളൂ' എന്നും, തൻ്റെ നിലപാട് ശരിയായില്ല എന്ന പാർട്ടി നിലപാട് താൻ അംഗീകരിക്കുന്നുണ്ടെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. "ഇന്നലെത്തെ സാഹചര്യത്തിൽ ഞാൻ അങ്ങനെ പ്രതികരിച്ചു എന്നേ ഉള്ളൂ, അത് ശരിയായില്ല എന്നതാണ് പാർട്ടി നിലപാട്. പാർട്ടിയിൽ നിന്ന് വ്യത്യസ്തമായ നിലപാട് എനിക്കില്ല," അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ മികച്ച റോഡുകൾ ഉൾപ്പെടെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടും, സംസ്ഥാനത്ത് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇങ്ങനെയൊരു ഫലം വന്നപ്പോൾ നിരാശയിൽ അങ്ങനെ പ്രതികരിച്ചതാണെന്നും, താൻ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും മണി കൂട്ടിച്ചേർത്തു.

പാർട്ടി നിലപാടാണ് തൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. "ജനറൽ സെക്രട്ടറി (എം.എ. ബേബി) പറഞ്ഞത് പാർട്ടി നിലപാടാണ്. അത് തന്നെയാണ് എൻ്റെയും നിലപാട്. നിലപാട് തിരുത്താൻ പറഞ്ഞ് എന്നെ ആരും വിളിച്ചൊന്നുമില്ല, എന്നാലും ഞാൻ തിരുത്തുകയാണ്," എം.എം. മണി പറഞ്ഞു. തുടർന്ന് അദ്ദേഹം കോൺഗ്രസ് സർക്കാരുകളെ വിമർശിച്ചു. "പ്രതിപക്ഷം ഒന്നും ചെയ്യാതെയിരുന്നിട്ടും അവർക്ക് ജയിക്കാൻ അവകാശമുണ്ട്. എൽ.ഡി.എഫ്. ഗവൺമെൻ്റുകൾ നടത്തിയ തരത്തിലുള്ള എന്തെങ്കിലും പ്രവർത്തനം കോൺഗ്രസ് സർക്കാരുകൾ നടത്തിയിട്ടുണ്ടോ," എന്നും അദ്ദേഹം ചോദിച്ചു. 'ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചിട്ട് ജനം പിറപ്പുകേട് കാട്ടി' എന്നായിരുന്നു എം.എം. മണി ആദ്യം നടത്തിയ പരാമർശം. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മണിയുടെ ഈ തിരുത്ത്.