'ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും'; രാഷ്ട്രീയ കൊലപാതകങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയം ആശയപരമായി പറയണമെന്നും എന്നാൽ ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ആഭ്യന്തര മന്ത്രിയുടെ ഈ പ്രതികരണം.
പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്കാണ് 15 മുതൽ 20 ദിവസത്തേക്ക് പരോൾ അനുവദിച്ചത്. മുൻ ഇടതുസർക്കാരിന്റെ കാലത്താണ് ഈ പരോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികൾക്ക് പരോൾ ലഭിച്ച വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
'പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് (Zero Tolerance) ആയിരിക്കും ഈ സർക്കാരിന്' എന്ന് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഇത്തരം നിഷ്ഠൂരക്കേസുകളിലെ പ്രതികൾ പുറത്ത് കൂസലില്ലാതെ നടക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
