അനധികൃത സ്വത്തുസമ്പാദനം: മുൻമന്ത്രി കെ. ബാബുവിന് കോടതി നോട്ടീസ്

  1. Home
  2. Latest

അനധികൃത സ്വത്തുസമ്പാദനം: മുൻമന്ത്രി കെ. ബാബുവിന് കോടതി നോട്ടീസ്

k babu


അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റർ ചെയ്ത കേസിൽ മുൻമന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബുവിന് കോടതി നോട്ടീസ് അയച്ചു. കൊച്ചി കലൂരിലെ പിഎംഎൽഎ (PMLA) കോടതിയാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയത്. കെ. ബാബു എക്‌സൈസ് മന്ത്രിയായിരുന്ന കാലയളവിൽ ഉയർന്ന ബാർ കോഴ ആരോപണത്തെത്തുടർന്നാണ് അനധികൃത സ്വത്തുസമ്പാദന കേസിൽ അന്വേഷണം ആരംഭിച്ചത്.

വിജിലൻസ് നേരത്തെ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. കേസിൽ തുടനടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പുതിയ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കെ. ബാബു കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വാദം കേൾക്കുന്നതിനായി കോടതി നോട്ടീസ് അയച്ചത്.

എന്നാൽ, കെ. ബാബു ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായേക്കില്ലെന്നാണ് വിവരം. അദ്ദേഹത്തിന് പകരം അഭിഭാഷകൻ ഹാജരായി കോടതിയിൽ വാദം ബോധിപ്പിക്കാനാണ് സാധ്യത. മന്ത്രിയായിരുന്ന കാലത്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ ഇഡി അന്വേഷണം കടുപ്പിക്കുന്നത് കെ. ബാബുവിനും കോൺഗ്രസിനും രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.