വീര്യം കുറഞ്ഞ മദ്യം: ധനബിൽ നിയമസഭ പാസാക്കുമെങ്കിലും പ്രാബല്യത്തിലാകില്ല

  1. Home
  2. Latest

വീര്യം കുറഞ്ഞ മദ്യം: ധനബിൽ നിയമസഭ പാസാക്കുമെങ്കിലും പ്രാബല്യത്തിലാകില്ല

liquor


 

വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവു പ്രഖ്യാപിച്ചുള്ള ധനബിൽ മറ്റന്നാൾ നിയമസഭ പാസാക്കുമെങ്കിലും ഇതു പ്രാബല്യത്തിലാകില്ല. പ്രത്യേക വിജ്ഞാപനമിറക്കിയാൽ മാത്രമേ പ്രാബല്യത്തിലാകൂ എന്ന വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയതാണു കാരണം. യുഡിഎഫ് യോഗത്തിന്റെ അനുമതിയോടെ മാത്രമേ, വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കൂ എന്നു ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. അതുവരെ ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഏർപ്പെടുത്തരുതെന്നായിരുന്നു വി.എം.സുധീരൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ, ബജറ്റ് പ്രസംഗത്തിൽ നിന്നുള്ള ‘പിന്മാറ്റം’ ഒഴിവാക്കാനായി പുതിയ നികുതി ധനബില്ലിൽ ഉൾപ്പെടുത്തിയ ശേഷം പ്രാബല്യത്തീയതി മാറ്റിവയ്ക്കുക എന്ന തന്ത്രമാണു മുഖ്യമന്ത്രി പ്രയോഗിച്ചത്. യുഡിഎഫ് യോഗത്തിൽ കാര്യങ്ങൾ അനുകൂലമാക്കാൻ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ലീഗിൽനിന്നു മാത്രമാണ് എതിർപ്പു പ്രതീക്ഷിക്കുന്നത്. വീര്യം കൂടിയ മദ്യത്തിനു നികുതി കുറച്ച എൽഡിഎഫ് ഇപ്പോൾ വീര്യം കുറ‍ഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെ എതിർക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. മറ്റന്നാൾ ബിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്കു വിടാതെ അന്നു തന്നെ പാസാക്കാനാണു സർക്കാർ തീരുമാനം.