അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

  1. Home
  2. Latest

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

pinarayi


 

ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരിച്ച വടകര തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ഞായറാഴ്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്‌ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. റാസ് ലഫാനിലെ ബാർസാൻ ഗ്യാസ്‌ വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അർജുൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. വാണിമേൽ സ്വദേശി അതുല്യയാണ്‌ ഭാര്യ. അച്‌ഛൻ: ബാബു (ടെയ്‌ലർ പുറമേരി). അമ്മ: സീന. സഹോദരി: വിസ്മയ.

ഞായർ രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റിൽ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ഡിസംബർ മുതൽ അടിയന്തര അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ട പ്ലാന്റ്, രണ്ട് ദിവസം മുമ്പാണ്‌ പ്രവർത്തന സജ്ജമാക്കിയത്. സാങ്കേതിക തകരാറിനെത്തുടർന്നാണ് സ്‌ഫോടനം. തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ അടിയന്തര സഹായം ലഭ്യമാക്കാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കി. ഫോൺ: +974 55647502, +975 55384683.