ഇന്ത്യയിൽ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

  1. Home
  2. Latest

ഇന്ത്യയിൽ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

SOCIAL MEDIA


 

ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങളിൽ റെക്കോർഡ് വർധന. 2026 മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കായി സർക്കാർ അയച്ചത് 1.95 ലക്ഷത്തോളം (1,94,000-ലധികം) കണ്ടന്റ് ബ്ലോക്കിങ് ഉത്തരവുകൾ. ശരാശരി ഓരോ 68 സെക്കൻഡിലും ഒരു ഉത്തരവ് വീതമാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്നത്. തൊട്ടുമുമ്പത്തെ വർഷത്തിൽ പ്രതിദിനം ശരാശരി ആറ് ഉത്തരവുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ അസാധാരണ കുതിച്ചുചാട്ടം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹ്‌യോഗ് ' പോർട്ടൽ വഴിയാണ് ഇവയിൽ ഭൂരിഭാഗം ഉത്തരവുകളും നൽകിയിട്ടുള്ളത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69A പ്രകാരമുള്ള പരമ്പരാഗത ബ്ലോക്കിങ് അധികാരങ്ങൾക്ക് പകരം, ഇടനിലക്കാരുടെ നിയമപരിരക്ഷയുമായി ബന്ധപ്പെട്ട സെക്ഷൻ 79(3)(b) മുൻനിർത്തിയാണ് ഈ നിർദ്ദേശങ്ങൾ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. ലഭിച്ച ആകെ ഉത്തരവുകളിൽ പത്തിൽ ഒൻപതും (90%) മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഏകദേശം 1,00,000 ഉത്തരവുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ആകെ എണ്ണത്തിന്റെ പകുതിയിലേറെ വരും.

ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ഏകദേശം 80,000 ഉത്തരവുകളും യൂട്യൂബ് സംബന്ധിയായ 15,000-ഓളം ഉത്തരവുകളും ഇതോടു അനുബന്ധമായി ഉണ്ടായിട്ടുണ്ട്.