ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം

  1. Home
  2. Latest

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം

gyanesh kumar


 

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം. കഴിഞ്ഞകാലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജി വെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും എം എ ബേബിക്കും മമത ബാനർജിക്കും പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. സി ഇ സിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനൊപ്പം വിഷയം സുപ്രീം കോടതിക്ക് മുന്നിലെത്തിക്കാനും സഖ്യനേതാക്കൾ ആലോചിക്കുന്നുണ്ട്. ഒന്നിച്ച് സുപ്രീം കോടതിയെത്താനാണ് ഇന്ത്യ സഖ്യത്തിന്‍റെ ആലോചന.

അതേസമയം സി ഇ സി ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ ബ്രജേഷ് സിംഗ് അറ്റോർണി ജനറലിന് കത്തുനൽകി. കമ്മീഷന്റെ ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിച്ച് സി ഇ സി ഏകപക്ഷീയമായി പ്രവർത്തിച്ചെന്നും ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും കത്തിൽ ആരോപിക്കുന്നു. വരുംദിവസങ്ങളിൽ വിഷയം കൂടുതൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നാണ് കരുതുന്നത്.