ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ
ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ പി4എം സമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ മുന്നറിയിപ്പ്. ഊർജ്ജ രാസവള പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ബഹുധ്രുവ ലോകക്രമത്തിന് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ പുരോഗതി അദ്ദേഹം ന്യൂയോർക്കിൽ വച്ച് വിലയിരുത്തി. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അമേരിക്ക അധിക താരിഫ് ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടയാണ് ഇന്ത്യയുടെ നീക്കം. 81-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെ യു.എൻ വേദിയിൽ സംസാരിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ന് ന്യൂയോർക്കിലെത്തും. കനത്ത സുരക്ഷയിൽ നഗരം
വർധിച്ചുവരുന്ന ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലോകസമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഇപ്പോഴുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിൽ നിലവിലെ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെടുന്നതും അദ്ദേഹം എടുത്തുപറഞ്ഞു. വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്ന രീതിയിൽ ഐക്യരാഷ്ട്രസഭയും അതിന്റെ രക്ഷാസമിതിയും പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാത്ത ബഹുരാഷ്ട്ര സംവിധാനങ്ങൾ വിശ്വസനീയമല്ലാതായി മാറുമെന്നും നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ആഗോള തലത്തിൽ വികസനം തുല്യമായി ഉറപ്പാക്കാനും പരിഷ്‌കരിച്ച ബഹുരാഷ്ട്രവാദം ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
