റെയിൽവേ ഓണത്തിന് ഓടിച്ചത് 148 സ്പെഷൽ സർവീസുകൾ

  1. Home
  2. Latest

റെയിൽവേ ഓണത്തിന് ഓടിച്ചത് 148 സ്പെഷൽ സർവീസുകൾ

indian railway


 

റെയിൽവേ ഓണത്തിന് ഓടിച്ചത് 148 സ്പെഷൽ സർവീസുകൾ. കഴിഞ്ഞ വർഷം 55 ട്രെയിൻ മാത്രം ഓടിച്ച സ്ഥാനത്താണ് ഇത്തവണ റെക്കോർഡ് നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതൽ സ്പെഷലുകൾ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആയിരുന്നു. ബെംഗളൂരു–തിരുവനന്തപുരം സെക്ടറിൽ 30 സ്പെഷൽ സർവീസും കൊല്ലം–ചെന്നൈ സെക്ടറിൽ 20 സർവീസുമാണ് ഉണ്ടായിരുന്നത്. എറണാകുളം, കോട്ടയം, മംഗളൂരു, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആയിരുന്നു സ്പെഷൽ സർവീസുകൾ. ഓണത്തിന് ഏറ്റവും കൂടുതൽ പേർ കേരളത്തിലേക്കു യാത്ര ചെയ്യുന്ന ദിവസങ്ങളും അതേ പോലെ അവധി കഴിഞ്ഞു മടങ്ങുന്ന ദിവസങ്ങളും കണക്കാക്കി കൂടുതൽ ട്രെയിനുകളോടിക്കാൻ ഇത്തവണ റെയിൽവേ തയാറായത് വലിയ സഹായമായെന്നു ബെംഗളൂരുവിൽ ജോലി ചെയ്യുന്ന രാജീവ് പറഞ്ഞു.

ഓഗസ്റ്റ് 20നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു സ്പെഷൽ ഉൾപ്പെടെ 11 ട്രെയിൻ ഉണ്ടായിരുന്നു. ബെംഗളൂരു–എറണാകുളം വന്ദേ ഭാരതിൽ കോച്ചുകൾ കൂട്ടാൻ കഴിഞ്ഞതും നേട്ടമായി. എന്നാൽ കൃത്യസമയത്തു പുറപ്പെട്ട ചില സ്പെഷൽ ട്രെയിനുകൾ സേലം ഡിവിഷനിൽ പിടിച്ചിട്ടതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കേരളത്തിനുള്ളിൽ കൂടുതൽ അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കോച്ചുകൾ ലഭിക്കാതിരുന്നതും ലോക്കോപൈലറ്റ് ക്ഷാമവും മൂലം നടന്നില്ല.