ഇന്ത്യൻ നാവികൻ്റെ മരണം: ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ്റെ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വെനിസ്വേലൻ അധികൃതരോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതായി വെനസ്വേലയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിവരങ്ങൾ പുറത്തുവന്നതുമുതൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാൻ്റെ മരണത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇടപെടുന്നത്. ഇന്ത്യയിൽ എത്തിച്ച രാകേഷിൻ്റെ മൃതദേഹത്തിൽ അവയവങ്ങൾ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന രാകേഷ് ചൗഹാന്റെ മരണത്തിൽ രാകേഷ് ജോലിചെയ്തിരുന്ന കമ്പനി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്ന് ഭാര്യ രജ്ഞന കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു. ഭർത്താവിൻ്റേത് കൊലപാതകമാണെന്നും അതിന് ശേഷം അവയവങ്ങൾ നീക്കം ചെയ്തുവെന്നും ഭാര്യ ആരോപിച്ചിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ തങ്ങൾക്ക് വ്യക്തമായ ഒരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഭർത്താവിൻ്റെ സാധന സാമഗ്രികൾ മടക്കിനൽകിയിട്ടില്ലെന്നും ഭാര്യ വ്യക്തമാക്കിയിരുന്നു.
