ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തന്റെ കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു
പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ സാങ്കേതിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച പ്രധാന ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രമായ 'പടയോട്ടം' (1982), ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്നിവയുടെ കലാസംവിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്. 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലെ വിഖ്യാതമായ 'ആലിപ്പഴം പെറുക്കാം' എന്ന ഗാനരംഗത്തെ കറങ്ങുന്ന മുറി (Rotating room) രൂപകൽപ്പന ചെയ്തത് ശേഖറായിരുന്നു. ആ സാങ്കേതിക മികവ് അക്കാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യൻ, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
