ഇൻഡിഗോ ദുരിതം തുടരുന്നു: ഇന്നും ആയിരത്തിലധികം സർവീസുകൾ മുടങ്ങും; കേരളത്തിൽ 11 റൂട്ടുകൾ റദ്ദാക്കി

  1. Home
  2. Latest

ഇൻഡിഗോ ദുരിതം തുടരുന്നു: ഇന്നും ആയിരത്തിലധികം സർവീസുകൾ മുടങ്ങും; കേരളത്തിൽ 11 റൂട്ടുകൾ റദ്ദാക്കി

indigo flight


ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി ഇന്നും തുടരുകയാണ്. രാജ്യത്തുടനീളം ആയിരത്തിലധികം സർവീസുകൾ മുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കമ്പനി പറയുന്നത്. തടസ്സം നേരിട്ടതോടെ ഡൽഹി, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇൻഡിഗോ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. കേരളത്തിൽ മാത്രം 11 സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരത്ത് അഞ്ചും കൊച്ചിയിൽ മൂന്നും കണ്ണൂരിൽ രണ്ടും കരിപ്പൂരിൽ ഒരു സർവീസുമാണ് മുടങ്ങിയത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് പോലും മണിക്കൂറുകളോളമാണ് വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരുന്നത്. മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് വരുകയും പോകുകയും ചെയ്യുന്ന നിരവധി ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങൾ അരമണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. ഡിസംബർ മൂന്നിന് രാത്രി ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. ഇതോടെ യാത്രക്കാർക്ക് രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടിവന്നു.

ഗുരുതര തടസ്സങ്ങൾ കണക്കിലെടുത്ത്, മുൻകൂട്ടി ബുക്കിങ്ങുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, വിമാന ഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളിൽ ഇളവ് നൽകി വ്യോമയാന മന്ത്രാലയം പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിനെത്തുടർന്ന് വ്യോമയാന മന്ത്രാലയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15-ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.