കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു

  1. Home
  2. Latest

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു

s


കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം. കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് കാലടി മുഖ്യ ക്യാമ്പസില്‍ സ്‌റ്റേഡിയം ഒരുക്കുക. സര്‍വ്വകലാശാലയ്ക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ല. കെ സി എയ്ക്ക് യൂസിംഗ് റൈറ്റ് മാത്രമായിരിക്കും ലഭിക്കുക. തുടര്‍ ചര്‍ച്ചകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മുന്നോട്ടു പോകാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം. സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ നിലവിലുള്ള ഗ്രൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയമായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വ്വകലാശാലയുടെ മുന്നില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

കായിക പഠന വിഭാഗത്തെ ശാക്തീകരിച്ച് സര്‍വ്വകലാശാലയെ കായിക മേഖലയില്‍ അക്കാദമികമായും മത്സര ഇനങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതിയായാണ് ഈ നിര്‍ദ്ദേശത്തെ സര്‍വ്വകലാശാല സമീപിച്ചത്. പ്രാദേശികവും സംസ്ഥാന തലത്തിലുമുള്ള കായിക വികസനത്തിനും ഈ സംരംഭം നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നതില്‍ സര്‍വ്വകലാശാലയ്ക്ക് സംശയമില്ലായിരുന്നു. പ്രസ്തുത പദ്ധതി മുന്നോട്ട് കൊണ്ടുപോകാനും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ധാരണാപത്രം പുതുക്കി തയ്യാറാക്കി സമര്‍പ്പിക്കാനുമാണ് ഡിസംബര്‍ 19ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായത്.

പദ്ധതിയുടെ ദൈര്‍ഘ്യം 33 വര്‍ഷമാണ്. ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്‍ഡോര്‍ - ഔട്ട്‌ഡോര്‍ പരിശീലന നെറ്റുകള്‍, എട്ട് ലൈനുകളിലുള്ള നാനൂറ് മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഫിറ്റ്‌നസ് സെന്റര്‍, പവലിയന്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, നൂറ് പേര്‍ക്ക് താമസിക്കാവുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, പാര്‍ക്കിംഗ്, ഡ്രെയിനേജ്, മഴവെള്ള സംഭരണം എന്നിവ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനാണ് നിലവില്‍ തയ്യാറാക്കിയിട്ടുള്ളത്. ക്രിക്കറ്റ് ഗ്രൗണ്ട്, കെ സി എ ടൂര്‍ണമെന്റുകള്‍ക്കായി ഉപയോഗിക്കും. ഫുട്‌ബോള്‍ ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്ക് എന്നിവ സര്‍വ്വകലാശാലയുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.