ഭൗമ നിരീക്ഷണത്തിനായി ഐ.എസ്.ആർ.ഒ-നാസ സംയുക്ത ദൗത്യം: 'നിസാർ' ഉപഗ്രഹ വിക്ഷേപണം നാളെ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ചേർന്ന് വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ (NASA-ISRO Synthetic Aperture Radar - NISAR) നാളെ (ബുധനാഴ്ച) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കും. വൈകിട്ട് 5.40ന് ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി.-എഫ്-16 റോക്കറ്റ് ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുക എന്നതാണ് നിസാറിന്റെ പ്രധാന ദൗത്യം. ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്.
743 കിലോമീറ്റർ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുക. 2,392 കിലോഗ്രാം ഭാരമുള്ള നിസാറിൽ നാസയും ഐ.എസ്.ആർ.ഒയും വികസിപ്പിച്ച രണ്ട് വ്യത്യസ്ത ആവൃത്തികളിൽ പ്രവർത്തിക്കുന്ന റഡാറുകളാണുള്ളത്. ഓരോ 12 ദിവസത്തെ ഇടവേളകളിലും ഭൂമിയിലെ ഓരോ സ്ഥലത്തെയും വ്യക്തമായ വിവരങ്ങൾ രാവും പകലും വ്യത്യാസമില്ലാതെ ഇത് ശേഖരിക്കും. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താനും അവയുടെ കാരണങ്ങൾ വിലയിരുത്താനും ഈ വിവരങ്ങൾ സഹായകമാകും. നിസാറിൽ നിന്നുള്ള നിരീക്ഷണ വിവരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനകം സൗജന്യമായി ലഭ്യമാക്കും.
കൂടാതെ, ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ആളില്ലാത്ത ക്രൂ മൊഡ്യൂളാണ് അന്ന് ഭ്രമണപഥത്തിലെത്തിക്കുക. വ്യോംമിത്ര എന്ന റോബോട്ടിനെയും വഹിച്ചായിരിക്കും ആ യാത്ര. ഇതിനുശേഷം രണ്ട് ആളില്ലാ വിക്ഷേപണങ്ങൾകൂടി നടത്തിയ ശേഷം 2027 മാർച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്ര.
