മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാനാകില്ല; സുകുമാരൻ നായർക്കെതിരേ ഗണേഷ് കുമാർ

  1. Home
  2. Latest

മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാനാകില്ല; സുകുമാരൻ നായർക്കെതിരേ ഗണേഷ് കുമാർ

ganesh-kumar


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നൽകാതിരുന്നത് സമയപരിമിതി കൊണ്ടാകാം എന്ന് പറഞ്ഞ ഗണേഷ് കുമാർ, മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാളെ അവൻ, ഇവൻ എന്നൊക്കെ വിളിക്കുന്നത് അന്തസ്സോ തറവാടിത്തമോ അല്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ 25 വർഷമായി തന്റെ ആത്മസുഹൃത്താണെങ്കിലും അദ്ദേഹത്തെ കാണേണ്ടത് മുഖ്യമന്ത്രിയായിട്ടാണെന്നും ആ പദവിക്ക് നൽകേണ്ട ബഹുമാനം നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹം വന്ന് തന്റെ കാലിൽ പിടിക്കണമെന്നൊക്കെ പറയുന്നത് ശരിയായ കാര്യമല്ല. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ടയാളാണെന്നും അങ്ങനെയുള്ള വ്യക്തിയെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമ സംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗണേഷ് കുമാർ പ്രതികരിച്ചു. ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ യോജിപ്പുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ സംഘടനയുടെ നേതൃത്വത്തിലേക്ക് ഇനി വരില്ലെന്നും, കണക്കുകൾ വ്യക്തമാക്കി അഡ്ഹോക്ക് കമ്മിറ്റി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയ്ക്കുള്ളിലെ സൗന്ദര്യപ്പിണക്കങ്ങൾ ഉള്ളിൽത്തന്നെ ഒതുക്കാമായിരുന്നുവെന്നും, നിലവിലെ വിവാദങ്ങൾ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും പറഞ്ഞ ഗണേഷ് കുമാർ, പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.