"നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഞങ്ങൾക്കിടയിൽ ഒരുപാട് വൈകാരിക നിമിഷങ്ങളുണ്ടായിരുന്നു"; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ വികാരാധീനനായി നടൻ മോഹൻലാൽ. ഒരു വലിയ സങ്കടമാണ് ഈ വാർത്ത നൽകുന്നതെന്നും സിനിമയെയും ജീവിതത്തെയും തികച്ചും വ്യത്യസ്തമായി കണ്ടിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം അനുസ്മരിച്ചു. സത്യൻ അന്തിക്കാട്, പ്രിയദർശൻ, ഇന്നസെന്റ് എന്നിവർ ഉൾപ്പെട്ട തങ്ങളുടെ പ്രത്യേക സുഹൃദ്‌വലയത്തിൽ ശ്രീനിവാസന് വലിയ സ്ഥാനമാണുണ്ടായിരുന്നതെന്ന് മോഹൻലാൽ ഓർത്തെടുത്തു. നടൻ എന്നതിലുപരി തങ്ങൾക്കിടയിൽ വളരെ ആഴത്തിലുള്ള കുടുംബബന്ധമാണുള്ളതെന്നും ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ആ ബന്ധം കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിനു നേരെ ചോദ്യങ്ങൾ ഉയർത്തിയ ഒരുപാട് സിനിമകൾ തങ്ങൾക്ക് ഒന്നിച്ച് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ജീവിതത്തെ എപ്പോഴും നർമ്മത്തിലൂടെ കാണാൻ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹം. തങ്ങൾക്കിടയിൽ ചിലപ്പോഴൊക്കെ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ജീവിതത്തിന്റെ ഭാഗമായുള്ള രസകരമായ നിമിഷങ്ങളായിട്ടാണ് താൻ കാണുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും ആരോഗ്യനില വഷളായി ഐസിയുവിൽ ആയതിനാൽ സംസാരിക്കാൻ സാധിച്ചിരുന്നില്ല എന്ന സങ്കടവും താരം പങ്കുവെച്ചു.
ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം, ഇന്ന് രാവിലെ പതിവ് ഡയാലിസിസിനായി അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് മോഹൻലാൽ പറഞ്ഞു.
