ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് കെ മുരളീധരൻ
മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ മുരളീധരൻ. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് ഇന്നത്തോടെ പരിഹരിക്കും. ഘടക കക്ഷികളുമായുള്ള തർക്കം പരിഹരിക്കുമ്പോൾ പാർട്ടിക്കകത്ത് ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇന്നലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞല്ലേയുള്ളൂ. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിജ്ഞാപനം വരുമെന്നാണ് മുരളീധരന്‍റെ പ്രതികരണം.
ആരോഗ്യ വകുപ്പാണ് മുരളീധരന് നൽകിയിട്ടുള്ള വകുപ്പ്. നേരത്തെ വൈദ്യുതി വകുപ്പ് നിശ്ചയിച്ചപ്പോൾ മുരളീധരൻ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. അങ്ങനെയാണ് ആരോഗ്യ വകുപ്പ് നൽകാമെന്ന് ധാരണയായത്. സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കണം. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാകണം. തിരുവന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
