ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ
ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ. 53 അംഗ കൗൺസിലിൽ 32 വോട്ട് നേടിയാണ് ഫസൽ വധക്കേസിൽ എട്ടാം പ്രതിയായി ജാമ്യത്തിൽ കഴിയുന്ന ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. 2013 മുതൽ കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യത്തിലാണ്. 2015 ലും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ അധ്യക്ഷനായെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ കഴിയേണ്ടി വന്നിരുന്നു. കൗൺസിലിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെ അന്ന് രാജിവെക്കുകയായിരുന്നു. സിബിഐ അന്വേഷിച്ച ഫസൽ വധക്കേസിൽ വിധി വരും മുൻപാണ് ചന്ദ്രശേഖരനെ വീണ്ടും സിപിഎം നഗരസഭ അധ്യക്ഷൻ ആക്കിയത്. സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ ബാലം ഡിവിഷനിലെ ബിജെപി കൗൺസിലർ പ്രശാന്ത് ഇന്ന് എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വികെ നിഷാദും പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിലാണ്.
