പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ
പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചയും കൂടാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചതായും, വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു മേഖലയും അടർത്തിമാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും സർവീസുകളുടെ നിയന്ത്രണത്തെയും മലബാർ മേഖലയ്ക്കുള്ള പുതിയ ട്രെയിൻ അനുവദിക്കലിനെയും ഗുരുതരമായി ബാധിക്കുമെന്നും, അതിനാൽ റെയിൽവേ ഈ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
