ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമ്പോൾ അതിന് ഭർത്താവിന്റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി
മുസ്ലിം വ്യക്തിനിയമപ്രകാരം 'ഖുല'യിലൂടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമ്പോൾ അതിന് ഭർത്താവിന്റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം വേർപെടുത്തുന്നതിൽ പുരുഷന് 'ത്വലാഖ്' എന്നപോലെ ഖുർആൻ സ്ത്രീക്ക് നൽകിയിട്ടുള്ള ഏകപക്ഷീയവും പരമവുമായ അവകാശമാണ് 'ഖുല'യെന്നും, ഭാര്യയുടെ ഈ ആവശ്യത്തോട് വിയോജിക്കാൻ ഭർത്താവിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.ഭാര്യയുടെ 'ഖുല' പ്രഖ്യാപനം ശരിവെച്ച കുടുംബക്കോടതി ഉത്തരവിനെതിരെയും, ഇക്കാര്യത്തിൽ സാക്ഷിവിസ്താരവും വിശദമായ വിചാരണയും വേണമെന്ന തന്റെ ആവശ്യം തള്ളിയതിനെതിരെയും ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. 2023-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് ഭാര്യ കുടുംബക്കോടതിയെ സമീപിച്ച് ഖുല പ്രഖ്യാപനം തേടുകയായിരുന്നു. എന്നാൽ ഖുല അസാധുവാക്കണമെന്നും മഹ്‌റും വജ്രാഭരണങ്ങളും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഭർത്താവും കോടതിയെ സമീപിച്ചു. തുടർന്ന് തെളിവെടുപ്പും വിശദമായ അന്വേഷണവും വേണമെന്ന ഭർത്താവിന്റെ ഹർജികൾ കുടുംബക്കോടതി തള്ളുകയായിരുന്നു.
