കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്.
വി സി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം. പ്രിൻസിപ്പാൾ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്. രജിസ്ട്രാർ - വിസി തർക്കത്തിൽ സർക്കാർ മുട്ടുമടക്കുകയാണ്. രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ - വിസി തർക്കം ആരംഭിക്കുന്നത്. പിന്നീട് ഇത് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തു. അത് ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
