താൻ പ്രസംഗിച്ച വേദി ബിജെപി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി ഖർഗെ
താൻ പ്രസംഗിച്ച വേദി ബിജെപി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. താൻ ദലിതനായതു കൊണ്ടാണ് ശുദ്ധികലശം നടത്തിയതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടെന്നും ഖർഗെ രാജ്യസഭയിൽ പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഖർഗെ റാലിയിൽ പങ്കെടുത്തത്. അത്തരം തൊട്ടുകൂടായ്മ സംസ്കാരം ബിജെപിക്കില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി നഡ്ഡ മറുപടി നൽകി."റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. അന്ന് നടത്തിയ പ്രസംഗത്തിൽ പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ കുറിച്ച് പറഞ്ഞിട്ടില്ല. സർക്കാരിന്റെ പ്രശ്നങ്ങളെ കുറിച്ച് പറയുക മാത്രമാണ് ചെയ്തത്. പക്ഷേ പ്രസംഗത്തിനുശേഷം ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചു. ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികൾ? ഇങ്ങനെയുള്ളവർ എങ്ങനെയാണ് ഭരണഘടന സംരക്ഷിക്കുന്നത്? ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തി"-ഖർഗെ രാജ്യസഭയിൽ പറഞ്ഞു.
