കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു

  1. Home
  2. Latest

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു

Kochi metro


 

കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും.

നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്. കലൂരില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. ഇത് ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ വിലയിരുത്തല്‍.

കെഎംആര്‍എല്‍ ആരംഭിച്ച കാലം മുതല്‍ മെട്രോ സര്‍വീസ് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ പഠനം നടത്തിയിരുന്നു. ഈ വിശദ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. കരിയാട്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയില്‍ എത്തുന്ന തരത്തിലാണ് ഡിപിആര്‍ തയ്യാറാക്കിയതെന്നാണ് സൂചന.