വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി

  1. Home
  2. Latest

വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി

   ksrtc


ടിക്കറ്റ് വരുമാനത്തിൽ പുതിയ ചരിത്രം കുറിച്ച് കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ ആകെ വരുമാനം 13 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. 2026 ജനുവരി അഞ്ചിലെ കണക്കുകൾ പ്രകാരം 13.01 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഈ നേട്ടത്തിൽ ജീവനക്കാരെയും മാനേജ്‌മെന്‍റിനെയും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അഭിനന്ദിച്ചു.

കണക്ക്
ആകെ വരുമാനം: 13.01 കോടി രൂപ

ടിക്കറ്റ് വരുമാനം: 12.18 കോടി രൂപ

ടിക്കറ്റ് ഇതര വരുമാനം: 0.83 കോടി രൂപ

"ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ്? ചരിത്രത്തിൽ ഇത് ആദ്യമാണ്," എന്ന് മന്ത്രി തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്നും അസാധ്യമായി ഒന്നുമില്ലെന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ ഈ ലക്ഷ്യം കൈവരിക്കാനായി എന്നത് ശ്രദ്ധേയമാണ്. സിഎംഡി ഡോ. പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിൽ മാനേജ്‌മെന്‍റും ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

പുതിയ ബസുകൾ നിരത്തിലിറക്കിയതും സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരുടെ വലിയ സ്വീകാര്യതയ്ക്ക് കാരണമായി. കട്ടപ്പുറത്തിരുന്ന ബസുകൾ പരമാവധി നിരത്തിലിറക്കിയത് വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചു. ടാർഗറ്റ് കൈവരിക്കാനായി ഡിപ്പോകൾക്കിടയിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനം ഓരോ ഡിപ്പോയെയും നിലവിൽ പ്രവർത്തന ലാഭത്തിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.

താൻ മന്ത്രിയായി ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ കാലോചിതമായ പരിഷ്കാരങ്ങൾ 'സ്വയംപര്യാപ്ത കെഎസ്ആർടിസി' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് കരുത്തുപകർന്നുവെന്ന് മന്ത്രി പറഞ്ഞു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടൊപ്പം നിൽക്കുന്ന യാത്രക്കാർക്കും, അക്ഷീണം പ്രയത്നിക്കുന്ന സിഎംഡി ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രി നന്ദി അറിയിച്ചു. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ജീവനക്കാരുടെ പിന്തുണയോടെ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.