തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ
കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. തദ്ദേശ സ്ഥാപന തെരഞ്ഞുടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട പ്രധാന പോസ്റ്റിൽ ഒരു "സംഘി"യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്‍റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ജലീൽ വിമർശിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിരവധി ബില്ലുകൾക്ക് അംഗീകാരം നൽകാതെ അവക്കുമേൽ അടയിരിക്കുന്ന ഗവർണർ, പക്ഷെ സ്ഥലത്തില്ലാതിരുന്നിട്ടും ഓൺലൈൻ വഴി പ്രകാശവേഗതയിൽ ഒപ്പിട്ടാണ് ശേഷാദ്രിയുടെ നിയമനം പ്രാബല്യത്തിൽ വരുത്തിയതെന്ന് ജലീൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.ശേഷാദ്രിനാഥിന്‍റെ സംഘ്പരിവാർ പശ്ചാതലം മനസ്സിലാക്കാൻ അദ്ദേഹത്തിന്‍റെ കരിയർ നാൾവഴികൾ പരിശോധിച്ചാൽ മാത്രം മതി. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടേഴ്സ് ലിസ്റ്റ് അംഗീകരിക്കലും, മെമ്പർമാർക്ക് അയോഗ്യത കൽപ്പിക്കൽ ഉൾപ്പടെയുള്ള പരാതികൾക്ക് പരിഹാരം കാണലുമെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യത്തിന് കുടപിടിക്കുന്ന ഒരാളെ തദ്ദേശവകുപ്പ് ശുപാർശ ചെയ്ത് മന്ത്രിസഭ അംഗീകരിച്ച് നിയമനത്തിനായി ഗവർണർക്ക് അയച്ചതിനു പിന്നിൽ ലീഗ്-ബി.ജെ.പി-കോൺഗ്രസ് അന്തർധാര ആണെന്ന കാര്യത്തിൽ സംശയമില്ല.
കേന്ദ്ര ഗവൺമെൻ്റിനോട് ഏറ്റുമുട്ടലിനില്ല എന്ന തദ്ദേശമന്ത്രിയുടെ പ്രസ്താവനയും, പിഎംഎവൈ ഭവനപദ്ധതിയിൽ ഒന്നരലക്ഷം കേന്ദ്രസഹായം ലഭിക്കുന്നതിനാൽ മോദി സർക്കാരിന്‍റെ "എംബ്ലം" മേൽ സ്കീം പ്രകാരം പൂർത്തിയാക്കുന്ന വീടുകളുടെ മുൻഭാഗത്ത് പതിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായപ്രകടനവും ഇതോടൊപ്പം ചേർത്തുവായിക്കണം. ശേഷാദ്രിയുടെ നിയമനവുമായി ബന്ധപ്പെട്ട ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ കുറ്റകരമായ മൗനം ദുരൂഹമാണ്- ജലീൽ പറയുന്നു. ശേഷാദ്രിനാഥൻ തന്‌റെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ഫോട്ടോകളും കുറിപ്പുകളും വാർത്തകളുമെല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
