മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും; കെ കൃഷ്ണൻകുട്ടി
2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു. തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നു?.
ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. ഇതിനെതിരെ മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിന്‍റെ തുടര്‍ നടപടികള്‍ക്കായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കും. സുമേഷ് അച്ചുതന്‍റെ നിരാഹാരം രാഷ്ട്രീയ പ്രേരിതമാണ്. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതി നടത്തിയിട്ടില്ല. മാത്യു കുഴൽനാടനും സുമേഷ് അച്ചുതനും യോജിച്ചുള്ള നീക്കമാണിത്. കോൺഗ്രസ് പാർട്ടിയിലെ ചില ആളുകളാണ് ഇതിന് പിന്നിലെന്നും പാർട്ടി ഒന്നാകെയല്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
