വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി എത്തിയ വിവിധ ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സ്വത്തുവിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, ബിജെപി തമിഴ്‌നാട് മുൻ അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കെതിരെ ആദായ നികുതി വകുപ്പിന്റെ ഡയറക്ടർ ജനറൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ റിട്ട് ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജികളിൽ കഴിഞ്ഞ ഏപ്രിലിൽ കോടതി ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലിന് നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിവിധ സ്ഥാനാർത്ഥികൾക്കെതിരെ സമാനമായ രീതിയിൽ ഫയൽ ചെയ്ത നിരവധി ഹർജികൾ നേരത്തെയും കോടതി തള്ളിയിരുന്നു.
അതിനിടെ വിജയ്‍യുടെ ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തി. വിജയ്‍യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്കു നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
