സിപിഐയെ പരോക്ഷമായി ക്ഷണിച്ച് ചന്ദ്രികയിൽ മജീദിന്‍റെ ലേഖനം; അസാധ്യമായി എന്തുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട് പുറത്തേക്ക്. വലതുപക്ഷ സി പി എമ്മിന്‍റെ വലയിൽ അകപ്പെട്ട സി പി ഐ വരാന്തയിലേക്ക് തള്ളപ്പെട്ടെന്നുള്ള മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദിന്‍റെ ചന്ദ്രികയിലെ ലേഖനമാണ് ഇപ്പോൾ ചൂടേറിയ ചർച്ച. പ്രകോപനങ്ങൾ പലവിധത്തിൽ തുടരുന്നതിനിടെയാണ് ഉപനേതാവ് പദവി വിവാദത്തിൽ മുസ്ലീം ലീഗ് മുൻകയ്യെടുക്കുന്നത്. രാജകൽപ്പന അനുസരിക്കുന്ന അടിമകളാണോ സി പി ഐ എന്ന ചോദ്യം ഉന്നയിച്ച് ദേശീയ ഉപാധ്യക്ഷൻ ചന്ദ്രികയിലെഴുതിയ ലേഖനത്തിൽ സി പി ഐയുടെ പഴയ പ്രതാപവും മുസ്ലീം ലീഗ് സഖ്യകാലത്തെ നേട്ടങ്ങളും എല്ലാം എടുത്ത് പറയുന്നുണ്ട്. സി പി ഐ എന്തിനിത്ര ആട്ടും തുപ്പും സഹിക്കണം, സി പി ഐയ്ക്ക് ഇങ്ങനെ എൽ ഡി എഫിൽ തുടരാനാകില്ല, സി പി ഐയും ലീഗും കോൺഗ്രസും ഒന്നിച്ച് ഭരിച്ചത് സുവർണ കാലമെന്നടക്കം മജീദിന്‍റെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. ആകെ മൊത്തത്തിൽ സി പി ഐയ്ക്കുള്ള മുസ്‍ലിം ലീഗിന്റെ പരോക്ഷ ക്ഷണമായാണ് ലേഖനം വിലയിരുത്തപ്പെടുന്നത്.
