മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി
മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. കൂടുതലും കേസുകളും കോട്ടയം ജില്ലയിലാണുള്ളത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകി.
806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ കണക്ക്. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതിയുമായി നേരത്തെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്.
