226ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. 226ലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനനിയുടെയും ജന്മഭൂമിയുടെയും ജനത്തിൻ്റെയും (മാ മതി മാനുഷ്) സർക്കാർ രൂപീകരിക്കുമെന്നാണ് മമത ബാനർജിയുടെ പ്രതികരണം. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.
എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽനിന്നാണ് വരുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കണക്കുകൾ. ബിജെപി അവസാന കളി കളിച്ചു. യഥാർഥ കണക്കുകൾ പുറത്തുവന്നിരുന്നെങ്കിൽ ഓഹരി വിപണികൾ തകരുമായിരുന്നു. ആളുകൾ ഒരുമിച്ച് നിൽക്കണം, എണ്ണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. രാത്രി മുഴുവൻ ഉണർന്നിരിക്കണം. ആവശ്യമെങ്കിൽ ഇവിഎം സ്ട്രോങ് റൂമുകൾക്ക് കാവൽ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗാളിൽ രണ്ടുഘട്ടങ്ങളായി നടന്ന വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നത്. എക്സിറ്റി പോളുകളിൽ ഭൂരിഭാഗവും ബിജെപി മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ഏജൻസികളിൽ ഒന്ന് ടിഎംസി മികച്ച വിജയം നേടുമെന്നും പ്രവചിക്കുന്നുണ്ട്. ബംഗാളിൽ ടിഎംസിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പോൾസ് ഓഫ് പോൾസിൻ്റെ പ്രവചനം. ഇരുപാർട്ടികൾക്കും 145 സീറ്റുകൾ വീതവും മറ്റുള്ളവർക്ക് നാല് സീറ്റുകളുമാണ് നൽകുന്നത്.
