വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

  1. Home
  2. Latest

വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

     high court


 

രണ്ട് ദിവസം ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കണമെന്നാവാശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി.യിലെ വനിത കണ്ടക്ടർമാർ നൽകിയ നിവേദനത്തിൽ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി.യേയും കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വനിത കണ്ടക്ടർമാരായ എസ്.എസ്.ആശ, എസ്.ശ്രീന, എം.സജല തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

വനിത കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ആർത്തവ അവധി ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കും. തീവ്രമായ ആർത്തവ പ്രശ്‌നങ്ങൾ ആരോഗ്യത്തേയും ജോലിയേയുമൊക്കെ ബാധിക്കുന്നതാണ്. ഏറെ നേരം നിൽക്കുകയും തുടർച്ചയായി ചലിക്കുകയുമൊക്കെ വേണ്ടതാണ് കണ്ടക്ടർമാരുടെ ജോലി. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണ്.

സ്ത്രീ ജീവനക്കാരിൽ ആർത്തവം ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആർത്തവ അവധി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആർത്തവ അവധി എന്നും കോടതി പറഞ്ഞു.

3000 ത്തോളം വനിത ജീവനക്കാരാണ് കെ.എസ്.ആർ.ടി.സി.യിലുള്ളത്. കർണ്ണാടകത്തിൽ മാസത്തിൽ ഒരു ദിവസം വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ചതും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ സർവകലാശാലയിലെ വിദ്യാർഥിനികൾക്കും ആർത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും വാദിച്ചു. അഡ്വ.എം.അനിൽകുമാർ ഹർജിക്കാർക്കായി ഹാജരായി.