മെസിയുടെ കേരള സന്ദർശനം: സേവന നികുതി അടയ്ക്കാത്തതിൽ ജിഎസ്ടി അന്വേഷണം തിങ്കളാഴ്ച മുതൽ
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍ കമ്പനി നടത്തിയ 126 കോടിയുടെ വിദേശവിനിമയ ഇടപാടിന് 22.68 കോടി സേവന നികുതി അടയ്ക്കാത്തതില്‍ ജിഎസ്ടി വകുപ്പ് തിങ്കളാഴ്ച അന്വേഷണം തുടങ്ങും. ജിഎസ്ടി നിയോഗിച്ച് അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡപ്യൂട്ടി കമ്മിഷണര്‍ സി.ബ്രിജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2025 ജൂണിലാണ് ഇടപാടില്‍ സേവനനികുതി അടച്ചിട്ടില്ലെന്നു നികുതി വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ഓഫിസ് സ്‌പോണ്‍സര്‍ക്ക് 5 തവണ നോട്ടിസ് നല്‍കിയിരുന്നു. ഓഗസ്റ്റില്‍ സ്‌പോണ്‍സര്‍ കമ്പനി ഉടമകള്‍ ഹാജരായെങ്കിലും രേഖകള്‍ കൈമാറിയിരുന്നില്ല. വിഷയം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി ആദ്യം രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് എസ്‌ഐടി രൂപീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
